P

ജീവിതം അറിഞ്ഞനാൾ

നമ്മൾ കടന്ന് പോകും
ഈ ഇരുണ്ട കാലങ്ങളും
ഒന്നായ് പറഞ്ഞിരിക്കാം
ഈ അടച്ച നാളുകളിൽ
ഇത്‌ സുന്ദര കാലമെന്നോ...?
ജീവിതം അറിഞ്ഞതിന്നോ...?
എന്നും തിരക്കാലെ പരക്കം പാഞ്ഞവർ പണത്തിനു പിന്നാലെ പലവഴി-
താണ്ടിയോർ
പണത്തിനു മീതെ വൈറസ്
പറന്നപ്പോൾ
പണമുള്ളോർ പോലും
പിണമെന്നറിഞ്ഞു
പഠിച്ചതോ ഇന്നവർ ജീവിത സത്യം
പഠിപ്പിച്ചീടുന്നതോ അണുവെന്ന സത്യം
ഇത്‌ സുന്ദര കാലമെന്നോ..?
ജീവിതം അറിഞ്ഞതിന്നോ..?
ആഘോഷമില്ല ആർഭാടമില്ല
ഏറെ കൊതിച്ചൊരാ പൂരവുമില്ല
പൂത്തു നിറഞ്ഞൊരാ കൊന്നമരത്തിലെ
വിഷു പക്ഷി പോലും മൂളുന്നതോ
അതിജീവനത്തിന്റെ മധുരഗീതം
ഇത്‌ സുന്ദര കാലമെന്നോ..?
ജീവിതം അറിഞ്ഞതിന്നോ..?
വിശപ്പിനാൽ ഒട്ടിയ വയറിന്റെ രോദനം
പാത വഴിയിൽ കാണുന്ന കാഴ്ചകൾ
പലനാൾ ഉറക്കം നശിപ്പിച്ച നോവുകൾ
അന്ന്യമായ് അകലയായ് ഈ
മഹാമാരിയിൽ
അന്നം നിറയാത്തൊരു
വയറുമില്ലായ്കയാൽ
ഇത്‌ സുന്ദര കാലമെന്നോ..?
ജീവിതം അറിഞ്ഞതിന്നോ..?
പണിയില്ല പണമില്ല എങ്കിലും ഇന്നോ -
അറിയുന്നു മുതിർന്ന നാളിന്നോളം
അറിയാത്ത സൗഖ്യം
ചിട്ടി പണം വേണ്ട ബാങ്ക് ലോൺ വേണ്ട
ഫണ്ടിൽ പണം വേണ്ട പിരിവും വേണ്ട
കല്ല്യാണ കവറുകൾ ഒന്നുമേ വേണ്ട
അറിയേണ്ട ആഴ്‌ചയും തീയ്യതിയും
അറിയുന്നതിന്നു നേരം മാത്രം
ഇത്‌ സുന്ദര കാലമെന്നോ..?
ജീവിതം അറിഞ്ഞതിന്നോ..?


©pradeeshpm