S

രക്ഷ .................. കെ.പി സജിത് ..............

രക്ഷ
..................
കെ.പി സജിത്
........................
വാക്കുകൾ കൊണ്ട് നീയൊരു
 കോടാലി തീർത്തത് എന്റെ 
 കാതലിനെ മോഹിച്ച്. 
 യുക്തിയുടെ തലേക്കെട്ടും
 ചിന്തയുടെ മുറിക്കുപ്പായവും
  ഇന്ന് നിനക്ക് നന്നായി ചേരും.
 ഇനി നിനക്ക് പണി തുടങ്ങാം..
 ഓർമകളിൽ ചിന്തേരിട്ടു
 നിൽക്കാതെ , കാൽക്കൽ വന്നു
 തലയുയർത്തി
 നോക്കാതെയെന്റെ
 തായ്ത്തടിയിൽത്തന്നെ
 ആദ്യത്തെ വെട്ട്..
എന്റെ കറയൂറിയത്
നിന്റെ വിയർപ്പിനെ
പൂ ചൂടിക്കട്ടെ..
എന്റെ ഗന്ധം
നിന്റെ ഓർമകളിൽ
രഹസ്യമായി പടരട്ടെ.
 ഒരേയൊരപേക്ഷ..
 എന്റെ നട്ടെല്ലിന്റെ 
 വ്യാസമളന്നു തളരാതെ
 പെട്ടെന്നു പണി തീർത്ത്
  തിരിച്ചു പോയേക്കണം,
 എന്നെ നട്ടുവളർത്തിയ
 വനദേവതമാർ വഴിയരികിൽ
 വരുന്നതിന് മുമ്പ്. 
  അവരുടെ ചോദ്യത്തിന്
 മാറ്റിപ്പിടിക്കാൻ ഒരു വാക്കു
 പോലും നിന്റെ പക്കൽ
 ഉണ്ടാവില്ലല്ലോ..
 പക്ഷികൾ കൊത്തിയിട്ട എന്റെ
 ഓർമപ്പഴങ്ങളിൽ അഭിരമിച്ചു
  നിൽക്കാതെ..
 ഞാൻ വിരിച്ചിട്ട ഇലനിഴലുകളിൽ
 നിന്നും  പുറത്തു പോക നീ..
 എത്രയും പെട്ടെന്ന് എന്റെ
 മനസ്സിന് പുറത്തേക്കുള്ള
 നേർവഴിയിൽ നീ കാലെടുത്ത്
 വെച്ചു കൊൾക.
  എന്റെ ചോലയുടെ
 വളർച്ചാവലയങ്ങങ്ങളിൽ നിന്ന് 
 നിനക്ക് മുക്തി.
 കാലത്തിന്റെ
 ഉളിപ്പിടിയിലൂടെനിക്ക്  സ്വസ്ഥിയും..
 രക്ഷപ്പെടുക എന്നിൽ നിന്ന്   നീയും ,നിന്നിൽ നിന്ന് ഞാനും.
...............
       ..........
©sajith